ഇന്നലെ വരെ ഇവിടെ കടുത്ത ചൂടായിരുന്നു. ഇന്നു മഴ പെയ്യുന്നു. കണ്ടോ എന്റെ ജന്മദിനത്തിന് അനുഗ്രഹവുമായി ഡൽഹിയിൽ മഴ വരെയെത്തി.’’ – ജന്മദിനാശംസകൾക്ക് പി.ടി.ഉഷ നൽകിയ ചിരിയോടെയുള്ള മറുപടി. വേഗതയ്ക്കു രാജ്യം നൽകിയ മറ്റൊരു പദം, അതാണ് പി.ടി. ഉഷ. 1977ൽ ട്രാക്കിലിറങ്ങിയ അതേ ആവേശത്തിൽ ‘പ്രായം ചിലപ്പോൾ അറുപതായിക്കാണും പക്ഷേ, മനസ്സിന്നും ചെറുപ്പമാണെ’ന്ന് പറഞ്ഞ് ഇന്നും കായികരംഗത്ത് സജീവമാണ് ഉഷ. ഷഷ്ടിപൂർത്തി ദിനത്തിൽ മനോരമ ഓൺലൈനുമായി പി.ടി. ഉഷ സംസാരിച്ചപ്പോൾ..
പാരിസ് ഒളിംപിക്സിനു ലോകം തയാറെടുക്കുന്നു, ഇന്ത്യയുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
കായികതാരങ്ങൾക്കു വേണ്ടി എല്ലാ സൗകര്യവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ചെയ്തുകൊടുത്തിട്ടുണ്ട്. അവരുടെ തയാറെടുപ്പുകളെല്ലാം യഥാരീതിയിൽ പോയിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. നമ്മുടെ കാലത്തുണ്ടായിരുന്ന നഷ്ടം താരങ്ങൾക്കു നല്ല എക്സ്പോഷറായിരുന്നു. ഇന്നുപക്ഷേ, നല്ല എക്സ്പോഷർ താരങ്ങൾക്കു ലഭിക്കുന്നുണ്ട്. മൂന്നുപേരെ സപ്പോർട്ടിങ് സ്റ്റാഫായി ഐഒഎ അയയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്ടറുടെ സംഘമാണ് അവരെ അനുഗമിക്കുന്നത്. കായിക താരങ്ങൾക്കു വേണ്ട മാനസിക പിന്തുണ നൽകാൻ ആ മേഖലയിലെ വിദഗ്ധരുണ്ട്. സ്ലീപ്പിങ് തെറപ്പി വിദഗ്ധരുണ്ട്. ന്യൂട്രീഷൻ നോക്കാനുള്ളവരുണ്ട്.